കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു. അതേസമയം കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ജാമ്യം അനുവദിച്ചു.
ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 23നാണ് അജികുമാറിനെയും പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനാണ് പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സ്വർണം പൂശുന്നതിനായി പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടി കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു പാളികൾ വീണ്ടും സ്വർണം പൂശുന്നതിനായി കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.